ഇത് പ്രണയത്തിന്റെ മന്ദാരം…റിവ്യൂ വായിക്കാം

0

ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തിയ മലയാള ചിത്രമാണ് ആസിഫ് അലി നായകനായി എത്തിയ മന്ദാരം. ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയത് മുതൽ പ്രേക്ഷകർ ആവേശപൂർവം കാത്തിരുന്ന ചിത്രമാണിത്. കാരണം ആസിഫ് അലിയുടെ വ്യത്യസ്തമായാ ലുക്ക് തന്നെ..പിന്നീട് ഗാനവും ട്രെയിലറും വന്നപ്പോൾ പ്രതീക്ഷകൾ വർധിച്ചു.. പ്രണയവും സൗഹൃദവും നിറഞ്ഞ ഗാനവും ട്രെയിലറും എല്ലാം തന്നെ പ്രേക്ഷക ശ്രദ്ധ ഏറെ പിടിച്ചു പറ്റിയിരുന്നു… നവാഗതനായ വിജേഷ് വിജയ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് മാജിക് മൗണ്ടൈൻ സിനിമാസിന്റെ ബാനറിൽ മോനിഷ രാജീവ്, ടിനു തോമസ് എന്നിവർ ചേർന്നാണ്.


ആസിഫ് അലി നായകനായി എത്തിയപ്പോൾ നായികയായി വർഷ ബൊല്ലമ്മ വേഷമിട്ടു. പ്രണയം എങ്ങനെ ഒരു വ്യക്തിയുടെ വിവിധ ബന്ധങ്ങളെ സ്വാധീനിക്കുന്നു എന്നും ആസിഫ് അലി കഥാപാത്രത്തിന്റെ റൊമാന്റിക് ലൈഫും ആണ് സിനിമയിലൂടെ നമ്മൾക്ക് കാണാൻ സാധിക്കുന്നത്. വിവിധ കാലഘട്ടങ്ങളിലൂടെ സിനിമ സഞ്ചരിക്കുന്നുണ്ട്.


പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും എല്ലാം ഒത്തുചേരൽ ആണ് മന്ദാരം. പ്രണയത്തെ വിവിധ വശങ്ങളിൽ കൂടി നോക്കി കാണുന്ന മനോഹര ചിത്രം.പ്രണയത്തോടൊപ്പം തന്നെ രസകരമായ മുഹൂർത്തങ്ങളും വൈകാരികമായ കഥാ സന്ദർഭങ്ങളും ഈ ചിത്രത്തിന്റെ മാറ്റു കൂട്ടിയിട്ടുണ്ട്. ഓരോ ചിത്രങ്ങൾ കഴിയും തോറും തന്റെ പ്രകടനം കൊണ്ട് പ്രേക്ഷകരെ കൈയിൽ എടുക്കുകയാണ് ആസിഫ് അലി എന്ന നടൻ. വളരെ മികവാർന്ന പ്രകടനം കാഴ്ചവെച്ചുകൊണ്ടു തന്റെ കഥാപാത്രത്തെ ജീവനുള്ളതാക്കുവാൻ ആസിഫിന് കഴിഞ്ഞു.


നായിക വേഷത്തിൽ എത്തിയ വർഷ, അനാർക്കലി മരിക്കാർ മറ്റ്‌ പ്രധാന വേഷങ്ങളിൽ അണിനിരന്ന അർജുൻ അശോകൻ,ജേക്കബ് ഗ്രിഗറി,വിനീത് വിശ്വം, മേഘ മാത്യു, ഇന്ദ്രൻസ്, ഗണേഷ് കുമാർ, നന്ദിനി എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മനോഹരമാക്കി.


നവാഗത സംവിധായകൻ എന്ന് ഒരിക്കൽ പോലും തോന്നിപ്പിക്കാത്ത വിധം മനോഹരമായാണ് ചിത്രം എടുത്തിരിക്കുന്നത്. ബാഹുൽ രമേശിന്റെ മനോഹര ഛായാഗ്രഹണം, മൗജീബ് മജീദ് ഒരുക്കിയ സംഗീതം എന്നിവ സിനിമയിലേക്ക് പ്രേക്ഷകനെ കൂട്ടികൊണ്ട് പോകുവാൻ വളരെ സഹായകമായി. ഇത് പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും എല്ലാം മന്ദരമാണ്…

Share.