ഒരൽപം കണ്ണീരില്ലാതെ ഈ ചിത്രം കണ്ടിറങ്ങാനാകില്ല ! ചാലക്കുടിക്കാരൻ ചങ്ങാതി റിവ്യൂ വായിക്കാം

0
ഒരൽപം കണ്ണീരില്ലാതെ ഈ ചിത്രം കണ്ടിറങ്ങാനാകില്ല ! ചാലക്കുടിക്കാരൻ ചങ്ങാതി റിവ്യൂ വായിക്കാം

സിനിമയെ വെല്ലുന്ന ജീവിതമാണ് മലയാളികളുടെ പ്രിയപ്പെട്ട കലാഭവൻ മണിയുടെ ജീവിതം. നിറഞ്ഞ ചിരിയും ഉള്ളിലെ നന്മയെയും ഓരോ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.ആ ചിരി മാഞ്ഞ് രണ്ട് വർഷം തികയുമ്പോളാണ് കലാഭവൻ മണിയുടെ ഗുരു വിനയൻ ശിഷ്യന് ആദരവായി ചാലക്കുടിക്കാരൻ ചങ്ങാതി ഒരുക്കുന്നത്.

മലയാളികൾക്ക് ഏറെ പ്രീയപ്പെട്ട നടനും അതുപോലെ മനുഷ്യ സ്നേഹിയുമായിരുന്നു കലാഭവൻ മണി. ഒരുപാട് കഷ്ടപാടുകൾക്കിടയിൽ നിന്നും നാടൻ പാട്ടും മിമിക്രിയുമായി സിനിമയിൽ എത്തുകയും ദേശീയ തലത്തിൽ വരെ ശ്രദ്ധ നേടിയ പ്രകടനകളുമായി തെന്നിന്ത്യൻ സിനിമയിലെ എണ്ണം പറഞ്ഞ നടൻമാരിൽ ഒരാളുമായി തീർന്ന കലാഭവൻ മണി ഇന്ന് മലയാളികളുടെ മനസ്സിൽ ഒരു വിങ്ങലായി നിൽക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ജീവിത കഥയാണ് ഈ ചിത്രം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്. സിനിമാ നടൻ ആകുന്നതിന് മുൻപും ശേഷവും ഉള്ള കലാഭവൻ മണിയുടെ ജീവിതം ആണ് ഈ ചിത്രത്തിലൂടെ നമ്മുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ മരണം വരെയുള്ള കാര്യങ്ങൾ ഈ ചിത്രത്തിലൂടെ നമ്മുടെ മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്..

കലാഭവൻ മണിയായി രാജാമണി എന്ന നടൻ നൽകിയത് അവിസ്മരണീയ പ്രകടനം ആണ്. രാജാമണി എന്ന നടന്റെ പ്രതിഭ മുഴുവൻ ഓരോ പ്രേക്ഷകനും മനസ്സിലാക്കി കൊടുത്ത തരത്തിലുള്ള ഒരു പ്രകടനമായിരുന്നു അദ്ദേഹം കാഴ്ച വെച്ചത്. ശരീര ഭാഷ കൊണ്ട് അദ്ദേഹം കലാഭവൻ മണിക്ക് പകർന്നു കൊടുത്ത പൂർണ്ണത ഞെട്ടിക്കുന്നതായിരുന്നു. വളരെ പക്വതയോടെയും, എന്നാൽ പ്രേക്ഷകരുടെ മനസ്സിൽ തിളങ്ങി നിൽക്കുന്ന കലാഭവൻ മണിയുടെ രൂപവും ഭാവവും ചലനവുമെല്ലാം വിസ്മയിപ്പിക്കുന്ന സ്വാഭാവികതയോടെയും അവതരിപ്പിച്ചു രാജാമണി. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച ധർമജൻ ബോൾഗാട്ടി, വിഷ്ണു , ശ്രീകുമാർ, കലാഭവൻ സിനാജ്, രമേശ് പിഷാരടി, ജോജു ജോർജ്, സലിം കുമാർ, കോട്ടയം നസീർ, ഹണി റോസ്, സുധീർ കരമന എന്നിവരും മറ്റു നടീനടന്മാരും തങ്ങളുടെ ഭാഗങ്ങൾ ഏറ്റവും നന്നായി തന്നെ ചെയ്തു.

പ്രകാശ് കുട്ടി ഒരുക്കിയ ദൃശ്യങ്ങൾ ആയിരുന്നു ഈ ചിത്രത്തിന്റെ മികവുകളിലൊന്ന്. വളരെയധികം മികച്ചു നിൽക്കുന്ന ദൃശ്യങ്ങളാണ് ഈ ക്യാമറാമാൻ ഒരുക്കിയത്. ചിത്രത്തിന്റെ മൂഡ് മുഴുവൻ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ അദ്ദേഹമൊരുക്കിയ ദൃശ്യങ്ങളും അതോടൊപ്പം ബിജിപാൽ, സതീഷ് എന്നിവർ ചേർന്നൊരുക്കിയ സംഗീതവും വളരെയധികം സഹായിച്ചു എന്ന് പറയാം. കലാഭവൻ മണിയുടെ ഗാനങ്ങളും ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . അഭിലാഷ് വിശ്വനാഥ് കൈകാര്യം ചെയ്ത എഡിറ്റിംഗ് വിഭാഗവും മികച്ചു നിന്നു. ഒരിക്കലും പ്രേക്ഷകനെ മുഷിപ്പിക്കാതെ രീതിയിൽ ചിത്രത്തിന്റെ ഒഴുക്കിനെ നിയന്ത്രിക്കാൻ സംവിധായകനെ സഹായിച്ചത് എഡിറ്റിംഗ് മികവാണ്.

മണിയെ സ്നേഹിക്കുന്ന സിനിമയെ സ്നേഹിക്കുന്ന ആർക്കും ഒരൽപം കണ്ണീരില്ലാതെ മണിയെ സ്നേഹിച്ച പ്രേക്ഷകർക്ക് ഈ ചിത്രം കണ്ടിറങ്ങാനാകില്ല….

Share.